കൊച്ചി: നടി ശ്വേത മേനോനെതിരായ എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി .. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ കേസിലെ തുടർ നടപടികൾ പൂർണ്ണമായും നിർത്തിവച്ചു. പോലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസ് അയച്ചു. സിജെഎം കോടതിയുടെ മജിസ്ട്രേറ്റിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
വസ്തുതകൾ പരിശോധിക്കാതെയാണ് തനിക്കെതിരായ നടപടി സ്വീകരിക്കുന്നതെന്ന് ശ്വേത തന്റെ ഹർജിയിൽ പറഞ്ഞിരുന്നു . രാജ്യത്ത് സെൻസർ ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിന് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
സിനിമകളിൽ അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന പരാതിയിലാണ് ശ്വേത മേനോനെതിരെ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത് . എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
രതിനിർവേദം, പാലേരി മാണിക്യം, ശ്വേത മുമ്പ് അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവത്തെ ചിത്രീകരിച്ച കളിമണ്ണ് എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ പട്ടിക പരാതിയിൽ ഉൾപ്പെടുന്നു.
മലയാളം മൂവി ആർട്ടിസ്റ്റുകളുടെ അസോസിയേഷന്റെ (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന താരമാണ് ശ്വേത . ഈ സമയത്ത് ഇത്തരമൊരു കേസ് ഉയർന്നുവരുന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്

