കൊച്ചി: ശബരിമല സ്വർണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമല സ്വർണ്ണ മോഷണ കേസിലെ പ്രതികളെ സ്റ്റാറ്റിയൂട്ടറി ജാമ്യത്തിൽ വിട്ടതിന് പിന്നാലെയാണ് കോടതി എസ്ഐടിയെ വിമർശിച്ചത്.
ദ്വാരപാലക, ശ്രീ കോവിൽ വാതിൽ സ്വർണ്ണം പൂശിയ കേസുകളിൽ പ്രതിയായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സ്റ്റാറ്റിയൂട്ടറി ജാമ്യത്തിൽ വിട്ടയച്ചിരുന്നു . രണ്ട് കേസുകളിലെയും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചു. ഫെബ്രുവരി 2 ന്, ശ്രീ കോവിൽ വാതിൽ സ്വർണ്ണം പൂശിയ കേസിലും പോറ്റി അറസ്റ്റിലായി 90 ദിവസം തികയും. ഈ സാഹചര്യത്തിലാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ വിമർശിച്ചത്.
രണ്ട് കേസുകളിലും പ്രതിയായ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് എസ്ഐടിയെ വിമർശിച്ചത് . കേസിൽ പ്രതിയാകുന്നതിന് മുമ്പ് ആറ് തവണ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അറസ്റ്റ് ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയത് . എന്നാൽ, അറസ്റ്റ് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം അറസ്റ്റിലായ പ്രതികൾക്ക് അർഹമായ എല്ലാ അവകാശങ്ങളും നൽകണമെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ, പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതും പുറത്തിറങ്ങുന്നതും തടയാൻ അന്വേഷണ സംഘം ഇടപെടേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. എന്നാൽ , കുറ്റപത്രം തയ്യാറാക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത് . ദേവസ്വം ബോർഡ് ഓഫീസുകളിൽ നിന്ന് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. പ്രതികളെ വിട്ടയച്ചാലും അവർക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിനാണ് മുൻഗണനയെന്നും എസ്ഐടി വ്യക്തമാക്കുന്നു.

