കണ്ണൂർ : സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി . സുരക്ഷാ വീഴ്ചയുടെ പേരിൽ ജയിൽ വകുപ്പ് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണിത് . സെൻട്രൽ ജയിലിനുള്ളിലെ വൈദ്യുത വേലികളും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്ന് അറിയുന്നതിനുള്ള പരിശോധനകളും പുരോഗമിക്കുകയാണ്.
വിയ്യൂരിൽ ഏകാന്ത തടവിലാണ് ഗോവിന്ദചാമിയെ പാർപ്പിക്കുക. അതീവ സുരക്ഷയിലാണ് ഗോവിന്ദചാമിയെ വിയ്യൂരിൽ എത്തിച്ചത് . പുലർച്ചെതന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം തന്നെ ഗോവിന്ദചാമിയെ ജയിൽ മാറ്റാൻ തീരുമാനിച്ചിരുന്നു.
പൊലീസിന്റെ ദ്രുതകർമ്മസേനയുടെ വാഹനത്തിലാണ് ഗോവിന്ദചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടു പോയത് . വാഹനം കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഉയർന്ന സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം, തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയത്.
ട്രെയിനിൽനിന്ന് സൗമ്യ എന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി തമിഴ്നാട്ടിലെ വിരുദാചലം സ്വദേശിയാണ്. ചാർലി തോമസ് എന്ന ഗോവിന്ദചാമി മോഷണം ഉൾപ്പെടെ തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണ്.

