ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പോലീസിനെയും കോൺഗ്രസിനെയും വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ . സിപിഎം നേതൃത്വത്തെയും എൽഡിഎഫ് കൗൺസിലർമാരെയും പ്രസംഗത്തിൽ സുധാകരൻ കടന്നാക്രമിച്ചു. ഖാദി ഓണം റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ആലപ്പുഴയിലെ വേദിയിലായിരുന്നു സുധാകരന്റെ പരാമർശം.
ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സുധാകരൻ ആരോപിച്ചു. സിപിഎമ്മുമായുള്ള “ധാരണ” അവസാനിപ്പിക്കാൻ ചെന്നിത്തലയുടെ പാർട്ടി തയ്യാറാകണം . നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് തന്നെ മുൻകൂട്ടി അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ എം എൽ എ മാർക്ക് നൽകിയ സ്വീകരണ ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിമർശനം.
നഗരസഭ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ താൻ കൃത്യസമയത്ത് തന്നെ എത്തിയിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ എൽ ഡി എഫ് നേതാക്കൾ പ്രതിഷേധവുമായി അവിടെ ഇരിക്കുകയായിരുന്നു. നഗരസഭാ അധ്യക്ഷ മോളി ജേക്കബിനെതിരെ എൽ ഡി എഫ് കൗൺസിലർമാർ പ്ലക്കാർഡുകൾ പിടിച്ചിട്ടും അത് നീക്കം ചെയ്യാൻ പൊലീസ് തയ്യാറായില്ല .ചടങ്ങിൽ പങ്കെടുത്താൽ പ്രശ്നമുണ്ടാകുമെന്നും അത് സർക്കാരിന് ദോഷമാകുമെന്നും മനസിലായത് കൊണ്ടാണ് താൻ അവിടെ നിന്ന് മടങ്ങിയത്. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി നടക്കുമായിരുന്നു. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി നടക്കുമായിരുന്നു. തന്നെ അടിച്ചാൽ കരണക്കുറ്റിക്ക് തിരിച്ച് അടിക്കുകയാണ് തന്റെ ശീലമെന്നും മടങ്ങിപ്പോയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

