ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കാൻ ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ തകർക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് . സുപ്രീം കോടതിയുടെ പരാമർശത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുലും ഗ്യാനേഷിനെതിരെ രംഗത്തെത്തി.
‘ഫോം 6’-മായി ബന്ധപ്പെട്ട സുപ്രീം കോടതി വാദം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് രാഹുൽ ഗാന്ധി ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. നിയമവിരുദ്ധമായും ഏകപക്ഷീയമായും ‘ഫോം 6’-ൽ മാറ്റം വരുത്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയെ സഹായിക്കാൻ ഗ്യാനേഷ് കുമാർ തന്റെ പദവി ദുരുപയോഗം ചെയ്തു എന്നതിന്റെ കൂടുതൽ വ്യക്തമായ തെളിവാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തിൽ ഗ്യാനേഷ് കുമാറിനെയും മറ്റുള്ളവരെയും ഉത്തരവാദികളാക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.എന്നാൽ, രാഹുൽ ഗാന്ധിയുടെ അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി തള്ളി. രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രതികരിച്ചു. വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നത് ഭരണഘടനയുടെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളുടെയും ലംഘനമാണെന്ന് അവർ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ‘ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ കോൺഗ്രസ് നിരന്തരം പ്രതിഷേധിക്കുന്നുണ്ട് . തിരഞ്ഞെടുപ്പുകൾ എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്ന് ഇപ്പോൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ഈ അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് കോൺഗ്രസ് അവസാനിപ്പിക്കില്ലെന്നും ‘ പ്രിയങ്ക വ്യക്തമാക്കി.

