തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾ തന്നെ ശാരീരികമായും മാനസികമായും ആക്രമിച്ചതായി വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. എസ്എഫ്ഐ പ്രവർത്തകരായ മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികൾ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായി സിസ തോമസ് പറഞ്ഞു. അക്രമികളിൽ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൈസ് ചാൻസലർ പരാതിയിൽ ആരോപിച്ചു. ഗവർണറെ കണ്ട ശേഷമാണ് സിസ തോമസ് പരാതി നൽകിയത്. സ്ഥലത്തുണ്ടായിരുന്നെങ്കിലും തന്നെയോ സിൻഡിക്കേറ്റ് അംഗങ്ങളെയോ സംരക്ഷിക്കാൻ പോലീസ് നടപടി എടുത്തില്ലെന്നും വിസി ഗവർണറെ അറിയിച്ചു. സാങ്കേതിക സർവകലാശാലയുടെ വിസിയായ സിസ തോമസിന് കാലടി സർവകലാശാലയുടെ അധിക ചുമതലയും ഉണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ 25 ദിവസമായി എഫ് എഫ് ഐ സമരം നടത്തുന്നത് . അതിനിടെ എസ്എഫ്ഐ പ്രവർത്തകർ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

