തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജിന്റെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർത്ഥി മരിച്ചു . നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശി അൻസിജി (21) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം . മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു അൻസിജി. കോളേജ് അധ്യാപകരും അധികൃതരും നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി കരുങ്കലിലുള്ള സ്വകാര്യ നഴ്സിംഗ് കോളേജിന്റെ കെട്ടിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം അൻസിജി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് . കൈകാലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്ന് ആരോപിച്ച് അൻസിജയും മറ്റ് നിരവധി വിദ്യാർത്ഥികളും കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. തുടർന്ന്, ഈ വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. വിദ്യാർത്ഥികൾ ഒരു സ്വകാര്യ ഹോസ്റ്റലിലേക്ക് മാറി . എന്നാൽ അതിനു പിന്നാലെ അധ്യാപകരും കോളേജ് മാനേജ്മെന്റും കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

