ജയ്പൂർ: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ജനങ്ങളോടും വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ കുടുംബത്തോടും കോൺഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിറ്റോർഗഢിൽ ‘അടൽ ഗൗരവ് സ്മൃതി സമാരോഹ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “ഞങ്ങൾ എല്ലാവരും അത് ടെലിവിഷനിൽ കണ്ടു . വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസ് വന്ദേമാതരത്തിന്റെ പ്രാധാന്യം മറന്നുപോയി. സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച ഗാനമാണിത് . സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയിലും രാജ്യത്തുടനീളമുള്ള മറ്റ് വേദികളിലും വന്ദേമാതരം ആലപിച്ചു.
ദേശീയ ഗാനം തടസ്സപ്പെടുത്തിയത് ബങ്കിം ചന്ദ്ര ചതോപാധ്യായയെ അപമാനിക്കുന്നതിന് തുല്യമാണ് . സോണിയ ഗാന്ധി മാപ്പ് പറയണം . നിങ്ങൾക്ക് അൽപ്പമെങ്കിലും നാണക്കേട് തോന്നുന്നുവെങ്കിൽ നിങ്ങൾ കൈകൾ കൂപ്പി ബങ്കിം ബാബുവിന്റെ അനശ്വരമായ ആത്മാവിനോടും ജനങ്ങളോടും ക്ഷമ ചോദിക്കണം.
പൊഖ്റാൻ പരീക്ഷണങ്ങളെത്തുടർന്ന് അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തിയിട്ടും ഇന്ത്യയെ ഒരു ആണവശക്തിയാക്കി മാറ്റുന്നതുൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ എടുത്ത നേതാവാണ് വാജ്പേയി . ഗ്രാമീണ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ദേശീയ പാതകൾ വികസിപ്പിക്കുന്നതിനും ഗോത്ര വികസനത്തിനായും വാജ്പേയ് എടുത്ത നയങ്ങൾ ആർക്കും വിസ്മരിക്കാനാകില്ല.
ഗോത്ര കുടുംബത്തിൽ നിന്ന് വന്ന് ഇന്ത്യയുടെ പ്രസിഡന്റായ ദ്രൗപതി മുർമുവിന്റെ തിരഞ്ഞെടുപ്പിൽ ഗോത്ര ക്ഷേമത്തിലെ പുരോഗതി പ്രതിഫലിച്ചു . ഗോത്ര ക്ഷേമത്തിന് മുൻഗണന നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്നു .“ എന്നും അമിത് ഷാ പറഞ്ഞു.

