മദീന: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ മലപ്പുറത്തെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൾ ജലീൽ (52), അമ്മ മൈമുനത്ത് (73), ഭാര്യ തസ്ന (40), മകൻ ആദിൽ ജലീൽ (14) എന്നിവരാണ് മരിച്ചത്. ജിദ്ദ-മദീന റോഡിലെ വാദി അൽ-ഫറയിൽ ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. അവർ സഞ്ചരിച്ചിരുന്ന ജിഎംസി വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കാൻ പോകുകയായിരുന്നു കുടുംബം. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബ്ദുൾ ജലീലിനെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ എത്തിയതാണ് തസ്നയും മക്കളും . മൈമൂനത്ത് ഉംറ വിസയിലായിരുന്നു. ജലീലിന്റെ മറ്റ് മൂന്ന് മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോൾ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമ്മൻ ആശുപത്രികളിലെ ഐസിയുവിലാണ്.

