തിരുവനന്തപുരം : വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ ചമ്പക്കട സ്വദേശിയായ വിശാഖിനെ കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ പ്രദീപടക്കം നാലു പേരാണ് അറസ്റ്റിലായത്. മുൻപ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ് . ഈ വൈരാഗ്യത്തിലാണ് പ്രദീപ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് തർക്കത്തിനിടെ വിശാഖ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ചത് . കേസിൽ അറസ്റ്റിലായ വിശാഖ് അടുത്തിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വഞ്ചിയൂരിലെ പാസ്പോർട്ട് ഓഫീസിന് സമീപമുള്ള ചമ്പക്കടയിലെ വിശാഖിന്റെ വീടിന് മുന്നിലുള്ള റോഡിലാണ് കൊലപാതകം നടന്നത്. KL 27 H 9286 എന്ന നമ്പറുള്ള മാരുതി ഓൾട്ടോ കാറിൽ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി 4 പേര് കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു.
ആക്രമണത്തിൽ വിശാഖിന്റെ കൈകൾക്കും കാലുകൾക്കും വയറിനും ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് കിടന്ന വിശാഖിനെ ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ ആരും മുന്നോട്ട് വന്നില്ല . പൊലീസെത്തി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം . ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർ വന്ന കാർ പിന്നീട് പുലയനാർകോട്ടയിലെ ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

