കീവ്: യുക്രെയ്നിലെ ഒഡെസ തുറമുഖത്ത് ആക്രമണത്തിനിരയായ ചരക്ക് കപ്പൽ എംവി എജിഎൻ റാഗ്നറിൽ ഉണ്ടായിരുന്നത് നാല് ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം . ഇന്നലെ രാത്രി വൈകിയാണ് കപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ട് ഇന്ത്യൻ ക്രൂ അംഗങ്ങളെ കാണാതായി.ആകെ 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
രണ്ടുപേർ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കാണാതായ രണ്ട് ക്രൂ അംഗങ്ങളെ കണ്ടെത്താൻ തിരച്ചിൽ, തുടരുകയാണ് . ഇവരുടെ ഐഡന്റിറ്റികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യുക്രേനിയൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം ഒഡെസ തുറമുഖം നിരന്തരം വ്യോമാക്രമണങ്ങൾ നേരിടുന്നുണ്ട് . ഉയർന്ന അപകടസാധ്യതയുള്ള പ്രദേശവുമാണ് ഒഡെസ . അതേസമയം കരിങ്കടൽ മേഖലയിലെ സാഹചര്യം വഷളായതോടെ ഇന്ത്യൻ നാവികർക്കായി വിദേശകാര്യമന്ത്രാലയം ജാഗ്രതാനിർദേശം പുറത്തിറക്കി.
കപ്പൽ സഞ്ചരിക്കുന്ന റൂട്ട് , സുരക്ഷാ സംവിധാനങ്ങൾ , ഇൻഷുറൻസ് പരിരക്ഷ എന്നിവ തൊഴിലുടമകളിൽ നിന്ന് മുൻ കൂട്ടി ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നു.വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ അവരുടെ കുടുംബങ്ങളെ പതിവായി ബന്ധപെടണം . അവരുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയിക്കുകയും വേണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

