ന്യൂഡൽഹി : പരീക്ഷാ നടത്തിപ്പിൽ വമ്പൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഉന്നതാധികാര ടാസ്ക് ഫോഴ്സിനെ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ആഗോള സാങ്കേതിക വിദഗ്ധനും , ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക. ഇന്ത്യയിലെ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണിത്. പരീക്ഷാപ്പേപ്പർ ചോർച്ച, ക്രമക്കേടുകൾ, വിദ്യാർത്ഥി പ്രതിഷേധങ്ങൾ എന്നിവയ്ക്ക് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.
നിലേകനിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ്, ചോദ്യപേപ്പർ സുരക്ഷ, പരീക്ഷാർത്ഥികളുടെ പരിശോധന, ഡിജിറ്റൽ സംവിധാനങ്ങൾ, മൂല്യനിർണ്ണയ പ്രക്രിയകൾ, ദുരുപയോഗം തടയൽ എന്നിവയുൾപ്പെടെ പരീക്ഷാ രീതികൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ പരിശോധിക്കും. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിച്ചവർ ഇപ്പോൾ ജയിലിൽ കഴിയുകയാണെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പുറമെ, പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കടുത്ത ശിക്ഷാ വ്യവ്യസ്ഥകളടങ്ങിയ പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

