തിരുവനന്തപുരം : സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾ വർധിക്കുമ്പോഴും കൈമലർത്തി വനം മന്ത്രി കെ ശശീന്ദ്രൻ .വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി വരുമെന്ന് പറയാൻ ആകില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത് . എല്ലായിടത്തും ക്യാമറ വച്ച് നിരീക്ഷിക്കാനൊന്നും ആകില്ല, മാൻ പവർ ഉപയോഗിച്ച് മാത്രമേ വന്യജീവികളെ സ്പോട്ട് ചെയ്യാനാകൂ എന്നും ശശീന്ദ്രൻ പറഞ്ഞു.
വന്യജീവികളെ വെടിവയ്ക്കാൻ ഉത്തരവിടാൻ കാലതാമസം ഉണ്ടാകാറില്ല . വന്യജീവി ആക്രമണം എന്ന് പൂർണ്ണമായും തടയാനാകുമെന്ന് പറയാനാകില്ല. ബജറ്റ് ഫണ്ടും, നബാർഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ഇടുക്കിയിൽ ഇന്നലെ വൈകിട്ടാണ് കാട്ടാനയുടെ ആക്രമണത്തിൽ 45 കാരി കൊല്ലപ്പെട്ടത് . ഇന്ന് വയനാടും ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.