കണ്ണൂർ: കണ്ണൂരിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന് ദാരുണാന്ത്യം . തമിഴ്നാട്ടിലെ സേലം സ്വദേശികളുടെ മകനാണ് ഹരിത്. മെയ് 31 ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് സമീപം വച്ചാണ് തെരുവ് നായ കുട്ടിയെ കടിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നായ കടിച്ച ദിവസം തന്നെ ആന്റി റാബിസ് വാക്സിൻ എടുത്തിരുന്നു. വലതു കണ്ണിലും ഇടതു കാലിലും കടിയേറ്റു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി വാക്സിനേഷൻ നൽകി. മുഖത്തുണ്ടായ മുറിവുകളാണ് റാബിസ് തലച്ചോറിലേക്ക് കടക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണം സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ നേരത്തെ ഒരു സർവകക്ഷി യോഗം ചേർന്നിരുന്നു. പടിയൂരിലെ എബിസി സെന്ററിന് കീഴിൽ പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ നിയോഗിച്ച് എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി ഒരാഴ്ചയ്ക്കുള്ളിൽ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഏകോപന ചുമതല.

