നെയ്റോബി: കെനിയയിൽ തിങ്കളാഴ്ചയുണ്ടായ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ മരിച്ചു. മരിച്ചവരിൽ ഒരു കുഞ്ഞും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (8), തൃശൂർ സ്വദേശിനിയായ ജസ്ന (29), മകൾ റൂഹി മെഹ്രിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇവർ ഇപ്പോൾ കെനിയയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്.
ന്യാൻഡരുവ കൗണ്ടിയിൽ പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കനത്ത മഴയെത്തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു . ഖത്തറിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ എത്തിയ 28 അംഗ സംഘത്തിൽ 14 മലയാളികൾ ഉൾപ്പെടുന്നുണ്ട്.
വാഹനം റോഡിൽ നിന്ന് തെന്നിമാറി ഏകദേശം 100 മീറ്റർ താഴ്ചയുള്ള ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ന്യാഹുരുരു കൗണ്ടി റഫറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിരവധി യാത്രക്കാരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.