പാട്യാല : പഞ്ചാബിൽ ട്രെയിനിന് തീ പിടിച്ചു. 4 കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽ വേ അറിയിച്ചു. പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽ വേ സ്റ്റേഷന് സമീപം കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. അമൃത്സറിനും ന്യൂ ജൽപൈഗുരിക്കും ഇടയിൽ ഓടുന്ന ട്രെയിനാണിത് .
എഞ്ചിനോട് ചേർന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീ പടർന്നാതെന്നാണ് വിവരം .പിന്നീട് സമീപത്തെ മൂന്ന് കോച്ചുകളിലേയ്ക്കും പടർന്നു . തുടർന്ന് ലോക്കോ പൈലറ്റും , ഗാർഡും ഇടപെട്ടു. അടിയന്തിര ബ്രേക്കുകൾ ഉപയോഗിച്ച് സരായ ബഞ്ചാര സ്റ്റേഷന് സമീപം ട്രെയിൻ നിർത്തി. ഇതോടെ കൂടുതൽ അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. തീയും ,കനത്ത പുകയും ഉയർന്നതോടെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാൻ യാത്രക്കാർ തിരക്കു കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.
റെയിൽ വേ ഉദ്യോഗസ്ഥരും, അടിയന്തിര സേവന ജീവനക്കാരും സംഭവസ്ഥലത്തെത്തി . യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. . നിരവധി കോച്ചുകളിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

