കൊച്ചി : എറണാകുളത്ത് കഴിഞ്ഞ ദിവസം ഒരു അടിയന്തിര സർജറി നടന്നു. ഏതെങ്കിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാധുനിക തിയേറ്ററിലല്ല മറിച്ച് പട്ടാപകൽ എറണാകുളത്തെ സൗത്ത് പറവൂരിലെ നടുറോഡിലായിരുന്നു ഈ ശസ്ത്രക്രിയ. നടത്തിയതോ മൂന്ന് മിടുക്കരായ ഡോക്ടർമാരും.
കൊല്ലം സ്വദേശിയായ ലിനുവിന് കഴിഞ്ഞ ദിവസം പറവൂരിന് സമീപത്ത് വച്ച് അപകടത്തിൽ പരിക്കേറ്റിരുന്നു. ശ്വാസകോശത്തിൽ രക്തവും അഴുക്കും പ്രവേശിച്ച് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട അവസ്ഥയിലായിരുന്നു ലിനു .
ഡ്യൂട്ടി കഴിഞ്ഞ്, ക്രിസ്മസ് ആഘോഷിക്കാൻ സൗത്ത് പറവൂരിലെ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോ. തോമസ് പീറ്ററും ഭാര്യ ദിധിയയും. പള്ളിയിലെത്തുന്നതിനു തൊട്ടുമുമ്പ്, അപകടത്തിൽ പരിക്കേറ്റ യുവാക്കളെ അവർ കണ്ടു. അവരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലാതെ എഴുന്നേറ്റു നിൽക്കാമെന്ന അവസ്ഥയായിരുന്നു . എന്നാൽ ലിനു ഗുരുതരാവസ്ഥയിലായിരുന്നു. മുഖത്തും മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ് രക്തസ്രാവമുണ്ടായിരുന്നു.
മാത്യുവും ദിധിയയും അയാളുടെ കഴുത്തിൽ ആരോ പ്രത്യേക രീതിയിൽ പിടിച്ചു നിൽക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹത്തെ ചികിത്സിക്കുന്ന രീതിയിൽ നിന്ന് അത് ഒരു ഡോക്ടറാണെന്ന് ഇരുവർക്കും മനസ്സിലായി. ഡോ. മനൂപായിരുന്നു അത് . ആശുപത്രിയിൽ എത്തുന്നതുവരെ കാത്തിരുന്നാൽ യുവാവ് രക്ഷപ്പെടില്ലെന്ന് മനസ്സിലായതിനാൽ, മൂന്ന് ഡോക്ടർമാരും ചേർന്ന് റോഡരികിൽ ശസ്ത്രക്രിയ നടത്താൻ തന്നെ തീരുമാനിച്ചു. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ റേസർ ബ്ലേഡുകളും പേപ്പർ സ്ട്രോകളും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
പേപ്പർ സ്ട്രോകളും ബ്ലേഡുകളും നാട്ടുകാർ അവർക്ക് വേണ്ടി ഒരുക്കിയെങ്കിലും കയ്യുറകൾ എത്തിക്കാൻ കഴിഞ്ഞില്ല. പേപ്പർ സ്ട്രോകൾ രക്തത്തിൽ കുതിർന്നതോടെ , ഫ്രൂട്ടീസ് സ്ട്രോ ഉപയോഗിച്ചു. നടപടിക്രമത്തിന്റെ മൊബൈൽ വീഡിയോകൾ എടുക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു . നാട്ടുകാരും ഇതിനോട് സഹകരിച്ചു. പോലീസ് ഉദ്യോഗസ്ഥരും അവർക്ക് ആത്മവിശ്വാസം നൽകി.
ആംബുലൻസ് എത്തിയപ്പോഴേക്കും ലിനു ക്രമേണ ശ്വാസമെടുക്കാൻ തുടങ്ങിയിരുന്നു . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡോ. മനൂപ് ലിനുവിനൊപ്പം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി.ലിനു ഇപ്പോൾ എറണാകുളം വെൽകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ ഈ അടിയന്തര പരിചരണത്തെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് എത്തുന്നത് .
കോട്ടയം മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. മനൂപും, ഡോ. തോമസ് പീറ്ററും, ഡോ. ദിധിയ കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജോലി ചെയ്യുന്നു.

