ജയ്പൂർ : ദേശീയ പക്ഷിയായ മയിലിനെ വേട്ടയാടി പാചകം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഋഷഭ്ദേവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മാംസം പാകം ചെയ്ത് “പാർട്ടി” നടത്തുകയായിരുന്നു മൂവരും. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലാണ് സംഭവം.
ബിലാഖ് ഫലാൻ ഗഡാവത്തിലെ നദീതീരത്തുള്ള ഒരു വയലിൽ മയിലിനെ കൊന്ന് പാകം ചെയ്തതായി വിവരം ലഭിച്ചതായി പോലീസ് സ്റ്റേഷൻ ഓഫീസർ ഹേമന്ത് കുമാർ അഹാരി പറഞ്ഞു. തുടർന്ന് പോലീസ് സംഘം വയലിൽ റെയ്ഡ് നടത്തി. കോൺഗ്രസിന്റെ ഋഷഭ്ദേവ് ബ്ലോക്ക് പ്രസിഡന്റ് രൂപാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വയൽ.
രൂപാലിനൊപ്പം സുഹൃത്തുക്കളായ അർജുൻലാൽ, രാകേഷ് എന്നിവരും മയിലിനെ വേട്ടയാടാനും മാംസം പാകം ചെയ്യാനും ഉണ്ടായിരുന്നു . പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും മയിലിറച്ചി കണ്ടെടുക്കുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിടിയിലായ അർജുൻ കുപ്രസിദ്ധ കുറ്റവാളിയാണ്. രാജസ്ഥാനിലെ വിവിധ ജില്ലകളിലായി 50 ലധികം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

