ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി . കോട്ടയത്തും ആലപ്പുഴയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡിലും അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്ത് മൂന്ന് വാർഡുകളിലും അണുബാധ റിപ്പോർട്ട് ചെയ്തു. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര സൗത്ത്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നെടുമുടിയിൽ കോഴികൾക്കും മറ്റ് സ്ഥലങ്ങളിൽ താറാവുകൾക്കും അണുബാധ കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേലൂർ വാർഡുകളിലാണ് അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് കാടകൾക്കും കോഴികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടികൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

