കണ്ണൂർ: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കണ്ണൂർ പയ്യന്നൂരിനടുത്തുള്ള രാമന്തളി വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരൻ (36), മക്കളായ ഹിമ (6), കണ്ണൻ (2), അമ്മ ഉഷ (56) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും അമ്മയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് . മക്കളെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കലാധരനും, ഭാര്യയുമായി വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടക്കുന്നുണ്ടായിരുന്നു . കലാധരൻ മക്കളെ അമ്മയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് സംശയിക്കുന്നു. രണ്ട് കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം കലാധരനും അമ്മയും ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ ഉഷയുടെ ഭർത്താവ് എ.കെ. ഉണ്ണികൃഷ്ണൻ രാത്രിയിൽ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതിൽ മുട്ടിയെങ്കിലും അനക്കമില്ലായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി വാതിൽ തുറന്നു. കലാധരൻ പാചകക്കാരനായിരുന്നു. മക്കളെ തന്നോടൊപ്പം അയയ്ക്കാൻ കോടതി നിർദ്ദേശവുമായി ഭാര്യ പോലീസിനെ സമീപിച്ചിരുന്നു. ഇന്നലെ പോലീസ് ഉണ്ണികൃഷ്ണനെ വിളിച്ച് ഇന്ന് കുട്ടികളെ വിടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

