കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന് സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.
കോഴിക്കോട് കെ എസ് ആര് ടി സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ഇവിടെനിന്നും മടങ്ങിയ ശേഷം കാണാനില്ലെന്നാണ് പരാതി. മാമി തിരോധാനക്കേസില്‍ രജിത് കുമാറിനേ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
2023 ആഗസ്ത് 22നാണ് മാമിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ പിന്നീട് കാണാതാവുകയായിരുന്നു. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല.
കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസുകളിലൊന്നാണ് മാമി തിരോധാനക്കേസ്.