തിരുവനന്തപുരം: സിസേറിയനിടയിൽ നവജാത ശിശു മരിച്ച കേസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു. ഡോക്ടറെ നേരത്തെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മുൻപും ഡോക്ടർക്കെതിരെ പരാതികൾ വന്നിരുന്നു. ഡോക്ടർക്ക് കൈക്കൂലി നൽകിയതായി നവജാത ശിശുവിന്റെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്.
പാലോട് സ്വദേശിനിയായ നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ ബന്ധുക്കൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചിരുന്നു.
എങ്കിലും ഈ നടപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധം തുടർന്നു. ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ കുഞ്ഞിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടും ബന്ധുക്കൾ സ്വീകരിച്ചു. ഇതേത്തുടർന്ന്, ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ഗർഭിണിയായ നിരഞ്ജനയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയപ്പോൾ പ്രസവത്തിനായി പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. പുലർച്ചെ 4 മണിക്ക് ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് സി-സെക്ഷൻ വഴി കുഞ്ഞിനെ പുറത്തെടുത്തു, പക്ഷേ പിന്നീടാണ് കുഞ്ഞിന്റെ മരണവിവരം വീട്ടുകാരെ അറിയിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുഞ്ഞിന്റെ മരണത്തിന് വിശദീകരണം നൽകാതെ ഡോ. ബിന്ദു ആശുപത്രി വിട്ടതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

