ഡബ്ലിന്‍ : ഇറാനെ പിന്തുണച്ചുള്ള പ്രസിഡന്റ് കാതറിന് കൊണോളി നടത്തിയ പ്രസ്താവനയ്ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍. ഇറാനെതിരായ യു എസ് – ഇസ്രായേല്‍ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമലംഘനമായി കണ്ട് അപലപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമാണ് സര്‍ക്കാരും നേതാക്കളും സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് കാതറിന് കൊണോളി ഇറാന് അനുകൂലമായ പരാമർശം നടത്തിയത്.
80 വര്‍ഷമായി ആഗോള സമാധാനത്തിന് അടിത്തറ പാകിയ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ മനപ്പൂര്‍വമായ ആക്രമണമാണിതെന്നാണ് കാതറിന് കൊണോളി പറയുന്നത്. യു എസിനെയും ഇസ്രായേലിനെയും നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ഇത്തരം നിയമലംഘനങ്ങളെക്കുറിച്ച് വ്യക്തമായി പറയാന്‍ അയര്‍ലൻഡിന് ബാധ്യതയുണ്ടെന്നും കാതറിന് കൊണോളി വ്യക്തമാക്കി.
സെന്റ് പാട്രിക് ദിനത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് പോകാനിരിക്കെ കോണോളിയുടെ ഈ പ്രസ്താവന ഏറെ വിവാദമായേക്കും. നിലവിൽ പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് ഇതുവരെ യുഎസിന്റെയും ഇസ്രായേലിന്റെയും നടപടികളെ അന്താരാഷ്ട്ര നിയമലംഘനമായി മുദ്രകുത്തിയിരുന്നില്ല.

