ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ . നിലമ്പൂർ മുതുതോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പുന്നപ്ര തെക്കേമടം വീട്ടിൽ അനിത ശശിധരനെ കാമുകൻ പ്രബീഷും, അയാളുടെ വനിതാ സുഹൃത്തും ചേർന്ന് 2021 ജൂലൈ 9 നാണ് കൊലപ്പെടുത്തിയത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ കൈനകരി പത്തിശ്ശേരി വീട്ടിൽ പ്രബീഷും രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ രജനിയും ചേർന്ന് കൊലപ്പെടുത്തി പള്ളാത്തുരുത്തിക്ക് സമീപമുള്ള കായലിൽ തള്ളുകയായിരുന്നു . മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്.
രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിലാണ്. രജനിയെ പ്രൊഡക്ഷൻ വാറന്റ് വഴി 29നു ഹാജരാക്കണമെന്നാണു കോടതി ഉത്തരവ്. അതിനു ശേഷം രജനിയുടെ ശിക്ഷ പറയും. ജാമ്യത്തിലായിരുന്ന രജനി ഒഡിഷയിൽ എൻഡിപിഎസ് കേസിലാണു ജയിലിലായത്.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്
ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയപ്പോൾ ആണ് പ്രബീഷ് അനിതയുമായി പരിചയത്തിലായത്. ഭർത്താവുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മറ്റൊരു കാമുകിയായ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. ഇത് രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

