തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ . ജീവനക്കാർ വാതിൽ തുറന്നോ എന്നും മരണകാരണം ക്യാപ്ചർ മയോപതി ആണോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് പത്ത് പുള്ളി മാനുകളെ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
തെരുവുനായ ആക്രമണത്തില്‍ ആധിപിടിച്ചത് കൊണ്ടാണ് മാനുകള്‍ ചത്തതെന്നും , നായ്ക്കൾ കടന്നതില്‍ മാനുകള്‍ സമ്മര്‍ദത്തിലായെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.
സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻ കൂടിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശ നൽകുമെന്നും തെറ്റ് ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുമെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, ഫോറസ്റ്റ് വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവർ ഇതിൽ അംഗങ്ങളാണ്.
നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാർക്കിലെ 21 മാനുകളിൽ പത്ത് എണ്ണം ചത്തു. ഇവിടെ നിന്ന് രണ്ട് നായ്ക്കളെയും പിടികൂടി. പാർക്കിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
തെരുവ് നായ്ക്കൾ പാർക്കിൽ പ്രവേശിക്കുന്നത് തടയാൻ ഒരു ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച മുൻപാണ് സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത് . ഉദ്ഘാടന ദിവസങ്ങളിൽ തുറന്നിട്ടിരുന്ന കവാടത്തിലൂടെ നായ്ക്കൾ പ്രവേശിച്ചിരിക്കാമെന്ന് സംശയിക്കുന്നതായി പാർക്ക് അധികൃതർ പറഞ്ഞു.

