മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സിപിഎം നേതാവ് എം സ്വരാജ് മത്സരിപ്പിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് എം സ്വരാജ്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് നല്ലൊരു സ്ഥാനാർത്ഥിയാണെന്ന് എ വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയമായി പ്രധാനപ്പെട്ട ഒരു മണ്ഡലമാണ് നിലമ്പൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കും. നിലമ്പൂർ രാഷ്ട്രീയമായി പ്രധാനപ്പെട്ട ഒരു മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണിത്. പി വി അൻവർ ഇടതുമുന്നണിയെ വഞ്ചിച്ചു. അൻവർ ഒരു രാഷ്ട്രീയ യൂദാസാണ്. യു.ഡി.എഫിനെക്കുറിച്ച് അൻവർ പറഞ്ഞത്, താൻ യാചിക്കുമ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് ചെളി വാരിയെറിയുന്നു എന്നാണ്. കേരളം അൻവറിന്റെ ദയനീയമായ മുഖമാണ് കാണുന്നത് . ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്,’ എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിലെ വോട്ടുകൾ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമായിരിക്കുമെന്നാണ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ ഉറച്ച ആത്മവിശ്വാസത്തോടെയാണ് ഞാൻ മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ഇടതുമുന്നണിയുടെ പോരാട്ടം ഞങ്ങളുടെ ആശയങ്ങൾക്ക് എതിരെ നിലകൊള്ളുന്നവർക്കെതിരെയാണ്,’ എം സ്വരാജ് പറഞ്ഞു.

