പോത്തൻകോട്: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കരക്കോണം ഐരൂപ്പാറ സ്വദേശികളായ ദിലീപ് (40), ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്. സച്ചിൻ (23), അമ്പൂട്ടി (22) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 8:45 ഓടെ ഞണ്ടൂർക്കോണം മേലെമുക്കിന് സമീപമാണ് സംഭവം. പരിക്കേറ്റ യുവാക്കൾ അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന സ്പോർട്സ് ബൈക്ക് നിയന്ത്രണം വിട്ട് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദിലീപ് റോഡിലേക്ക് തെറിച്ചുവീണു, നീതു റോഡരികിലെ മതിലിൽ ഇടിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.അണ്ടൂർക്കോണത്തുള്ള കുടുംബവീട് സന്ദർശിച്ച ശേഷം ഐരൂപ്പാറയിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ.