കൊച്ചി: മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്ത് അലൻ പിടിയിൽ. മറ്റൊരു യുവാവുമൊത്തുള്ള ചിത്രപ്രിയയുടെ ചിത്രങ്ങൾ ഫോണിൽ കണ്ടതിനെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നും അലൻ പൊലീസിനോട് പറഞ്ഞു.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു . കഴിഞ്ഞ ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തിരച്ചിലിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹത്തിനു അരികിൽ നിന്ന് ലഭിച്ച വെട്ടുകല്ലിൽ രക്തം പറ്റിയിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്.
ശരീരത്തിലുടനീളം മുറിവുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മലയാറ്റൂരിലെ മണപ്പാട്ടിലെ സെബിയൂർ റോഡിലെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എങ്കിലും മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അലന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ല. ചിത്രപ്രിയയുടെ മൊബൈൽ ഫോണും പരിശോധിക്കും.
വെൽഡിംഗ് തൊഴിലാളിയായ അലനുമായി ചിത്രപ്രിയയ്ക്ക് മുൻപും പരിചയമുണ്ടായിരുന്നു. ബാംഗ്ലൂരിൽ പോയ ശേഷം ചിത്രപ്രിയ താൻ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും, മൊബൈലിൽ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രങ്ങൾ കണ്ടതായും അലൻ പറഞ്ഞു. പെൺകുട്ടിയെ തേടിയുടെ തിരച്ചിലിനിടെ പൊലീസ് അലനെ ചോദ്യം ചെയ്തെങ്കിലും സംശയം തോന്നാത്തതിനാൽ വിട്ടയച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ച കാണാതായ ചിത്രപ്രിയ ഞായറാഴ്ച്ച അലനൊപ്പം ബൈക്കിൽ സഞ്ചരിച്ചതായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ കണ്ടെത്തി. തുടർന്നാണ് അലനെ പിടികൂടിയത്.

