ശ്രീനഗർ : ഡൽഹി സ്ഫോടനക്കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കശ്മീരിൽ മറ്റൊരു ഡോക്ടർ കൂടി അറസ്റ്റിൽ . ഡോ. ബിലാൽ നസീർ മല്ലയെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത് . ചാവേർ ബോംബർ ഡോ. ഉമറിന് അഭയം നൽകുകയും പിന്തുണ നൽകുകയും ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ താമസിക്കുന്ന ഡോ. മല്ല കേസിലെ എട്ടാമത്തെ പ്രതിയാണ് . ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് വിശേഷിപ്പിച്ച് ഡൽഹിയിൽ നിന്നാണ് എൻഐഎ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്. നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം സ്വയം പൊട്ടിത്തെറിച്ച് 15 പേരെ കൊലപ്പെടുത്തിയ ഡോ. ഉമറിനെ സഹായിച്ചതിനു പുറമേ, ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിനും ഡോ. മല്ലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
“എൻഐഎ അന്വേഷണങ്ങൾ പ്രകാരം, ബിലാൽ മരിച്ച പ്രതി ഉമർ ഉൻ നബിക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റമുണ്ട്.”എൻഐഎ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എൻഐഎ പ്രസ്താവനയിൽ പറയുന്നു .

