ഉഡുപ്പി : മാൽപെയിൽ അറസ്റ്റിലായ 10 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് ഉഡുപ്പി ജില്ലാ കോടതി . ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഉഡുപ്പിയിലെത്തിയ ഹക്കിം അലി, സുജോൺ എസ്.കെ., ഇസ്മായിൽ എസ്.കെ., കരീം എസ്.കെ., സലാം എസ്.കെ., രാജികുൽ എസ്.കെ., മുഹമ്മദ് സോജിബ്, റിമുൽ, മുഹമ്മദ് ഇമാം ഷെയ്ഖ്, മുഹമ്മദ് ജഹാംഗീർ ആലം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2024 ഒക്ടോബർ 11 നാണ് മാൽപെ വടഭണ്ഡേശ്വര് ബസ് സ്റ്റാൻഡിന് സമീപം 7 പേർ സംശയാസ്പദമായി ലഗേജുമായി കറങ്ങിനടക്കുകയായിരുന്ന ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് . പരിശോധനയിൽ നിയമവിരുദ്ധമായി വ്യാജ ആധാർ കാർഡ് രേഖകൾ ഇവർ സൃഷ്ടിച്ചതായി കണ്ടെത്തി. അങ്ങനെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ, ബംഗ്ലാദേശിൽ നിന്ന് ഉഡുപ്പി താലൂക്കിലെ പദുതോൻസെ ഗ്രാമത്തിലെ ഹൂഡയിൽ എത്തിയതാണെന്ന് ഇവർ സമ്മതിച്ചു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 3 അനധികൃത കുടിയേറ്റക്കാരെയും പിന്നീട് അറസ്റ്റ് ചെയ്തു.
വ്യാജ ഇന്ത്യൻ രേഖകൾ സൃഷ്ടിച്ചാണ് പ്രതികൾ ഉഡുപ്പിയിലേക്ക് കടന്നത്. പ്രതികൾ സിക്കിമിലെ അഗർത്തലയിൽ നിന്നാണ് വ്യാജ ആധാർ കാർഡ് നിർമ്മിച്ചതെന്നും പൊലീസ് കണ്ടെത്തി.

