കൊൽക്കത്ത : താൻ ബംഗാളിലെ ഒവൈസിയാണെന്ന് എം എൽ എ ഹുമയൂൺ കബീർ. ഈ മാസം തന്നെ താൻ പുതിയ പാർട്ടി ആരംഭിക്കുമെന്നും ഹുമയൂൺ കബീർ പറഞ്ഞു. സഖ്യകക്ഷിയായ അസദുദ്ദീൻ ഒവൈസിയുമായുള്ള തന്റെ അടുത്ത ബന്ധത്തെ പറ്റിയും ഹുമയൂൺ കബീർ തുറന്നുപറഞ്ഞു .
“ഞാൻ ഒവൈസിയുമായി സംസാരിച്ചു… താൻ ഹൈദരാബാദിന്റെ ഒവൈസിയാണെന്നും ഞാൻ ബംഗാളിന്റെ ഒവൈസിയാണെന്നും ഒവൈസി എനിക്ക് വാക്ക് നൽകിയിട്ടുണ്ട്,” ഹുമയൂൺ കബീർ പറഞ്ഞു.”ഡിസംബർ 10 ന് ഞാൻ കൊൽക്കത്തയിൽ പോയി എന്റെ പാർട്ടിയുടെ കമ്മിറ്റി രൂപീകരിക്കുകയും ലക്ഷക്കണക്കിന് പിന്തുണക്കാരുമായി എന്റെ പാർട്ടി ആരംഭിക്കുകയും ചെയ്യും,” ഹുമയൂൺ കബീർ പറഞ്ഞു .
ബംഗാളിലെ 27 ശതമാനം മുസ്ലീം വോട്ടുകളിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിനാണ്. “മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ പാർട്ടി ഞാൻ രൂപീകരിക്കും. 135 സീറ്റുകളിൽ ഞാൻ സ്ഥാനാർത്ഥികളെ നിർത്തും. ബംഗാൾ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു ഗെയിം ചേഞ്ചറായി മാറും… തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും,” കബീർ രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു.
മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദിന്റെ പകർപ്പ് നിർമ്മിക്കാനുള്ള നിർദ്ദേശത്തെത്തുടർന്ന് തൃണമൂൽ ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്തിരുന്നു . താൻ എഐഎംഐഎമ്മുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കബീർ പറഞ്ഞു.
എഐഎംഐഎമ്മോ ഒവൈസിയോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബംഗാളിൽ മത്സരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. നമ്മൾ ഇരുന്ന് തീരുമാനിക്കേണ്ടതുണ്ട് – എന്നാണ് ഒവൈസി പറഞ്ഞത്.2021 ൽ ബംഗാളിൽ ഏഴ് സീറ്റുകളിൽ മത്സരിച്ചെങ്കിലും എഐഎംഐഎം പരാജയപ്പെട്ടു.

