ന്യൂഡൽഹി ; 1980-81 ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സോണിയ ഗാന്ധി വ്യാജരേഖകൾ ചമച്ചതായി ബിജെപി എംപി സാംബിത് പത്ര . കഴിഞ്ഞ ദിവസമാണ് കേസിൽ റൗസ് അവന്യൂവിലെ സെഷൻസ് കോടതി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചത് .ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു പത്ര.
“ഇന്ന് ഡൽഹിയിലെ പ്രത്യേക കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. 1980 ൽ ഇന്ത്യൻ പൗരനല്ലാത്ത സമയത്ത് അവരുടെ പേര് ഇന്ത്യയുടെ വോട്ടർ പട്ടികയിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതിനെക്കുറിച്ചാണ് നോട്ടീസ്. 1983 ൽ മാത്രമാണ് അവർ ഇന്ത്യൻ പൗരയായത്. ഇതിനർത്ഥം ചില രേഖകൾ വ്യാജമാണ് എന്നാണ്.‘ സാംബിത് പത്ര പറഞ്ഞു.
ബിജെപി എംപി കങ്കണ റണാവത്തും ഈ കേസിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടി അഴിമതിക്ക് പേരുകേട്ടതാണെന്ന് കങ്കണ പറഞ്ഞു. ” അവർക്കെതിരെ അഴിമതി സംബന്ധിച്ച ആരോപണങ്ങളുണ്ട്. പൗരത്വം പോലും ഇല്ലാതെയാണ് അവർ വോട്ട് ചെയ്തത്.”കങ്കണ പറഞ്ഞു.
എന്നാൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി തന്റെ അമ്മ സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “അവർക്ക് എന്തെങ്കിലും തെളിവുണ്ടോ? ഇത് നുണയാണ്. (ഇന്ത്യയുടെ) പൗരത്വം നേടിയതിനു ശേഷമാണ് അവർ വോട്ട് ചെയ്തത്. 80 വയസ്സ് തികയാൻ പോകുമ്പോഴും അവർ എന്തിനാണ് അവരെ പിന്തുടരുന്നതെന്ന് എനിക്കറിയില്ല. അവർ തന്റെ മുഴുവൻ ജീവിതവും രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു. ഇപ്പോൾ അവരുടെ ഈ പ്രായത്തിൽ അവരെ ഒഴിവാക്കണം,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

