കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയ പാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംസ്ഥാന സർക്കാർ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കുകയതിനെ തുടർന്നാണ് ബഹിഷ്കരണം . മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയ പാത 66 ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുടെ ഉദ്ഘാടന ചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും, താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷിനും കെ കൃഷ്ണക്കുട്ടിക്കും ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെങ്കിലും അവരാരും ചടങ്ങിൽ പങ്കെടുക്കില്ല. അവസാന നിമിഷമാണ് ക്ഷണം ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എം ബി രാജേഷ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും ചടങ്ങിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലും ക്ഷണിച്ചിട്ടുള്ള ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിനെ സിപിഎം ശക്തമായി വിമർശിക്കുന്നുണ്ട് . ദേശീയ പാതയുടെ ഉദ്ഘാടനം ബിജെപി ഒറ്റയ്ക്ക് പൂർത്തിയാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാന മന്ത്രിമാരെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് സിപിഎം ആരോപിച്ചു.
കേരളത്തിൽ 10,800 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് . ചടങ്ങിൽ ദേശീയ പാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നടക്കും. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച ദേശീയ പാതയുടെ ഉദ്ഘാടനവും നടക്കുന്നുണ്ട്.

