കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനും കേരള ധീവരസഭാ സുവർണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.
രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാർഗം മറൈൻ ഡ്രൈവിലേക്ക് എത്തും . ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണിവരെ കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് കലൂർ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്ഷോയിൽ പങ്കെടുക്കും. സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയിൽ 1.15-ന് വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
2,650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ്ഓഫും നടക്കും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം 2.15 മുതൽ 3.15 വരെ കലൂർ സ്റ്റേഡിയത്തിനുസമീപം എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ പങ്കെടുക്കും. 3.20-ഓടെ അദ്ദേഹം തിരികെ നാവിക ആസ്ഥാനത്തുനിന്ന് നെടുമ്പാശ്ശേരിക്കുപോകും. കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്കാണ് പോകുന്നത്.

