തൃശൂർ: രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ വേണ്ടി പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ . തൃശൂർ നന്ദിപുലത്തുള്ള കുമരൻചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ദിവസേനയുള്ള പൂജ, ഗുരുതി പുഷ്പാഞ്ജലി, ഒറ്റ ശർക്കര നിവേദ്യം എന്നിവ നടന്നു. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണനാണ് രമേശ് ചെന്നിത്തല, തിരുവാതിര എന്ന പേരും , നാളും നൽകി ക്ഷേത്രത്തിൽ പൂജ നടത്തിയത്.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടന്നെങ്കിലും അതിലും തീരുമാനമായില്ല . ഇന്ന് വൈകുന്നേരം ഘടകകക്ഷികളുടെ നേതാക്കളുമായും യോഗം നടക്കും. ഹൈക്കമാൻഡിന്റെ തീരുമാനം ഞായറാഴ്ചയുണ്ടാകും.
നിലവിൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് . എംഎൽഎമാരെ തങ്ങളോടൊപ്പം നിർത്താൻ ചിലർ മന്ത്രി സ്ഥാനങ്ങൾ പോലും വാഗ്ദാനം ചെയ്തിട്ടുണ്ട്. കെപിസിസി ഓഫീസിന് മുന്നിൽ കെ സി വേണുഗോപാലിനായി ഫ്ലക്സുകൾ അണിനിരന്നിട്ടുണ്ട്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അനുകൂലമായ ഫ്ലക്സുകളും പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. കോൺഗ്രസ് ഉന്നത നേതൃത്വം ഇതിലെല്ലാം അതൃപ്തരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

