കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസ് . കൊച്ചി തൃക്കാക്കരയിലുള്ള ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
“ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു. പരാതിയെ തുടർന്ന് ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കി. മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിൽ നിന്ന് കണ്ടെടുത്തു,” കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ പറഞ്ഞു.
സെപ്റ്റംബർ ഒന്നിനാണ് സംഭവം പുറത്ത് വന്നത് . മുൻ വിദ്യാർത്ഥിയാണ് ഇക്കാര്യം അധ്യാപകനെ അറിയിച്ചത് . അടുത്ത ദിവസം, കോളേജ് മാനേജ്മെന്റ് പരാതി അന്വേഷിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. സൈബർ പോലീസിന്റെ സഹായവും തേടിയതായി പ്രിൻസിപ്പൽ പറഞ്ഞു.
ശ്രീഹരിക്കൊപ്പം മറ്റ് ചില വിദ്യാർത്ഥികളും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാനേജ്മെന്റിനെ അറിയിച്ചുവെന്നും എന്നാൽ, മാനേജ്മെന്റ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രതികളിൽ ഒരാളെ പരീക്ഷ എഴുതാൻ പോലും അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. മറ്റ് പ്രതികളായ വിദ്യാർത്ഥികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നുംഅവർ ആവശ്യപ്പെടുന്നു.

