ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ വീണ്ടും കിടക്കക്ഷാമം രൂക്ഷം. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ കിടക്കകളില്ലാതെ 777 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇത്രയേറെ ഉയരുന്നത് അപായ സൂചനയാണെന്ന മുന്നറിയിപ്പും സംഘടന നൽകിയിട്ടുണ്ട്.
ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 108 രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 62 പേരും ട്രോളികളിൽ കഴിയുന്നു.
ദേശീയതലത്തിൽ 499 രോഗികളാണ് അത്യാഹിത വിഭാഗങ്ങളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 278 പേർ വാർഡുകളിലും ചികിത്സയിലുണ്ട്.

