തിരുവനന്തപുരം: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ആവശ്യക്കാരുടെ വീടുകളിൽ മദ്യം എത്തിക്കാനുള്ള പദ്ധതിയ്ക്ക് അനുമതി തേടി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ . ഇതിനായി വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. അടുത്തിടെ നടന്ന മാർക്കറ്റ് പഠനത്തെ തുടർന്നാണ് ബെവ്കോയുടെ ഈ നിർദ്ദേശം . കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
തമിഴ്നാട് പോലുള്ള അയൽ സംസ്ഥാനങ്ങളിലെ 4,000-ത്തിലധികം ബിവറേജസ് ഷോപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ 500-ൽ താഴെ ബെവ്കോ ഔട്ട്ലെറ്റുകൾ മാത്രമേയുള്ളൂ. നിലവിലുള്ള ഔട്ട്ലെറ്റുകളിൽ തിരക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഈ ക്ഷാമമാണെന്നും ഓൺലൈൻ ഡെലിവറി തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.മൂന്ന് ലിറ്റർ മദ്യം വരെ ഇത്തരത്തിൽ ഓൺലൈനായി എത്തിക്കാനാണ് നീക്കം.
23 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കൾക്ക് മാത്രമേ മദ്യം എത്തിക്കാൻ കഴിയൂ എന്നും , ഐഡി പരിശോധനകൾ നിർബന്ധമാണെന്നും കർശനമായ പ്രായ പരിശോധന നടപ്പിലാക്കുമെന്നും ബെവ്കോ അറിയിച്ചു. മുൻപും സമാനമായ ഒരു നിർദ്ദേശം ബെവ്കോ മുന്നോട്ടുവച്ചിരുന്നെങ്കിലും അധികൃതർ അത് നിരസിച്ചിരുന്നു.

