കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും . ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ യോഗം നടത്തും. കെ.സി. വേണുഗോപാൽ എംപി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രിയും പലയിടത്തും പ്രതിഷേധം ഉണ്ടായി . പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ട് നേരിട്ടു. ചില പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.
ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് എത്തി. സെക്രട്ടേറിയറ്റ് മാർച്ചിനിടെ വലിയ സംഘർഷമുണ്ടായി. കൊല്ലത്തും പ്രവർത്തകർ രാത്രി വൈകിയും പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ, ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് അംഗങ്ങളെ പോലീസ് ബലമായി നീക്കം ചെയ്തു. ആലപ്പുഴയിൽ, രാത്രിയിൽ പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലെത്തി. കളർകോട് ജംഗ്ഷനിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായി. ആലപ്പുഴ ഹൈവേ പാലത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു
പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടുനിന്നു. പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും എറണാകുളത്തെ ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചു, ഇത് സംഘർഷത്തിൽ കലാശിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിൽ എറണാകുളത്ത് പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിലും പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. തൃശൂരിൽ, കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. വയനാട്ടിലെ മാനന്തവാടിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു.

