കൊല്ലം: സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ച് കയറി വനിതാ ദന്തഡോക്ടറെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി . ഈ മാസം 26 ന് വൈകുന്നേരം 6.30 ന് പത്തനാപുരം കല്ലുംകടവിലെ ദന്ത ആശുപത്രിയിലാണ് സംഭവം. പത്തനാപുരം കുണ്ടയം കർമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെ (24) പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ക്ലിനിക്കിൽ മറ്റു ജീവനക്കാരില്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമിച്ചുക്കയറിയത്. കടന്നുപിടിച്ചപ്പോൾ ഡോക്ടർ ബഹളം വയ്ക്കാൻ ശ്രമിച്ചു. ഉടനെ പ്രതി വായിൽ തുണി തിരുകുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട ഡോക്ടർ ആളുകളെ വിളിച്ചുക്കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു . ഡോക്ടർക്ക് സാരമായി പരിക്കേറ്റു. 329 (3), 126 (2), 74 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
പത്തനാപുരം പോലീസ് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതിയെ കടയ്ക്കൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31 വരെ ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചു. പത്തനാപുരം മജിസ്ട്രേറ്റ് അവധിയിലാണ്. കേസ് 31 ന് കോടതി പരിഗണിക്കും

