കൽപറ്റ : അബ്കാരി കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 24 മണിക്കൂർ നേരത്തേക്കാണ് ആന്റോയെ എക്സൈസ് വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ കസ്റ്റഡി എക്സൈസ് ആവശ്യപ്പെട്ടിരുന്നു.
വിദേശ നിർമ്മിത മദ്യം ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കളുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ കസ്റ്റഡി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, പ്രതിഭാഗം തങ്ങളുടെ മുൻ വാദങ്ങൾ ആവർത്തിച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റെയ്ഡ് നടക്കുമ്പോൾ ആന്റോ എറണാകുളത്തായിരുന്നതിനാൽ അദ്ദേഹം സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചിരുന്നില്ല അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആന്റോ മറ്റ് പല കേസുകളിലും പ്രതിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആന്റോയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ‘മെസ്സി’ വിവാദവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ തറവാട് വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രത്യേക അന്വേഷണ സംഘം 69.589 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു; പിടിച്ചെടുത്ത മദ്യം എക്സൈസ് വകുപ്പിന് കൈമാറിയതിനെത്തുടർന്ന് അവർ രജിസ്റ്റർ ചെയ്ത കേസിലാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.

