തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 വയസ്സുകാരന് വിരൽ നഷ്ടമായി. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരൺ ആണ് ആക്രമണത്തിനിരയായത്. കുട്ടി ഇപ്പോൾ ചികിത്സയിലാണ്.
ശനിയാഴ്ച വൈകുന്നേരം ശരണും ഇളയ സഹോദരിയും വീടിനു മുന്നിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് തെരുവുനായ അവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നുപോയ സഹോദരി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന് തെരുവുനായ ശരണിനെ ആക്രമിക്കുകയും വലതു കൈയിലെ ഒരു വിരലിന്റെ പകുതി ഭാഗം കടിച്ചെടുക്കുകയും ചെയ്തു.
ആക്രമണത്തിൽ ശരണിന്റെ കാലിനും പരിക്കേറ്റു. ഉടൻ കുട്ടിയെ തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തെരുവുനായ സമീപത്തെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

