ഡബ്ലിൻ: മാന്യമായ വസ്ത്രം ധരിക്കണമെന്ന് അഭിഭാഷകന് മുന്നറിയിപ്പ് നൽകി ജഡ്ജി. അഭിഭാഷകൻ ഓങ്ഹസ് മക്കാർത്തിയ്ക്കാണ് മുന്നറിയിപ്പ് നൽകിയത്. മൊബൈൽ ഫോൺ കൈവശം വച്ച് വാഹനമോടിച്ചതിന് സമൻസ് ലഭിച്ച പ്രതിയ്ക്കായി വാദിക്കാൻ എത്തിയതായിരുന്നു മക്കാർത്തി.
കോടതിയിൽ ഹാജരാകുന്ന വേളയിൽ കറുത്ത ജീൻസും ആകാശ നീല നിറത്തിലുള്ള ഷർട്ടും ആയിരുന്നു മക്കാർത്തി ധരിച്ചിരുന്നത്. ഇതിനൊപ്പം വെളുത്ത നിറത്തിലുള്ള ടൈയും കെട്ടിയിരുന്നു. ഇത് കണ്ട ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആൻഡ്രൂ കോഡി അദ്ദേഹത്തിന് ഉപദേശം നൽകുകയായിരുന്നു. അടുത്ത തവണ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ കോടതിയിൽ കയറ്റില്ലെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി അന്തസ്സുള്ള വസ്ത്രം ധരിക്കണമെന്നും ഉപദേശിച്ചു.

