കൽപറ്റ: വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ വീടിന്റെ നിർമ്മാണത്തിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങളും അനുവദനീയമായ ഉയരപരിധിയും ലംഘിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2022-ൽ മുട്ടിൽ പഞ്ചായത്ത് നിർമ്മാണം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. നിർമ്മാണത്തിന് അനുമതി നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചില്ല.
കെട്ടിടത്തിന് യഥാർത്ഥത്തിൽ മൂന്ന് നിലകളുണ്ടെങ്കിലും, പഞ്ചായത്തിന്റെ കെട്ടിട സർട്ടിഫിക്കറ്റിൽ ഒരു നില മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012-ലാണ് കെട്ടിടം നിർമ്മിച്ചതെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. എന്നാൽ, ദുരന്തനിവാരണ നിയമപ്രകാരമുള്ള ചട്ടങ്ങൾ നിലവിൽ വന്നത് 2015-ലാണ്. അതുകൊണ്ട് തന്നെ പിന്നീട് വന്ന നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി കെട്ടിടം 2012-ൽ നിർമ്മിച്ചതായി കാണിച്ചതാകാമെന്നാണ് സംശയം .
എന്നാൽ ആ സമയത്ത് ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലായിരുന്നില്ല ആ ഭൂമിയെന്നും, യഥാർത്ഥ നിർമ്മാണം നടന്നത് 2015-16 കാലഘട്ടത്തിലാണെന്നുമാണ് നാട്ടുകാർ പറയുന്നത്. കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടുകൾ എക്സൈസ് വകുപ്പ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. അനധികൃത നിർമ്മാണമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലത്ത് അനധികൃത മദ്യനിർമ്മാണം നടന്നിട്ടുണ്ടാകാമെന്നും വകുപ്പ് സംശയിക്കുന്നു.

