തിരുവനന്തപുരം: പാറശ്ശാലയിൽ മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പാറശ്ശാല കുഴക്കോട് സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിൽ വീട്ടിലെത്തിയ വിജയ പ്രേംകുമാർ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിൻഭാഗം മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ഭാര്യയുമായുള്ള വാക്കുതർക്കത്തിനിടെ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നാണ് വിജയ പ്രേംകുമാർ പോലീസിന് നൽകിയ മൊഴി.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. വിജയ പ്രേംകുമാർ മദ്യപാനിയാണെന്നും ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

