കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. യുവനടിയാണ് ലൈംഗിക പീഡനത്തിന് ഇരയായതായി ആരോപിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്ന് രാവിലെ 7 മണിക്ക് ആശുപത്രിയിൽ നിന്ന് നോർത്ത് വനിതാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജനുവരി 28 ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി . തുടർന്ന് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ-പുളിയൻമല റൂട്ടിൽ മുട്ടത്തിന് സമീപം രാത്രിയിൽ രഞ്ജിത്ത് സഞ്ചരിച്ചിരുന്ന കാർ തൊടുപുഴ പോലീസ് തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസ് അറിഞ്ഞതിനെത്തുടർന്ന് രഞ്ജിത്ത് ഒളിവിൽ പോയേക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. നടി ഡിജിപിക്കും കൊച്ചി സെൻട്രൽ പോലീസിനും പരാതി നൽകിയിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. അനുവാദമില്ലാതെ കാരവാനിൽ കയറിയ രഞ്ജിത്ത് തന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. നടി എതിർത്തപ്പോൾ അദ്ദേഹം പിൻമാറി.
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിയ്ക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസം മുമ്പ് വനിതാ പോലീസ് സ്റ്റേഷനിൽ നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കേസും തുടർ നടപടികളും രഹസ്യമായി നടത്തി. പരാതി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വരിന് കൈമാറി. രഞ്ജിത്തിനെതിരെ സമാനമായ രണ്ട് പരാതികൾ നേരത്തെ നൽകിയിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിനെയും, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയായതായി ആരോപിച്ച് യുവാവ് നൽകിയ പരാതിയിലുമാണ് കേസെടുത്തത്.

