ചെന്നൈ : സഹോദരിയും നടിയുമായ അംബികയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നൽകി നടി രാധ . ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നൽകിയത്. സഹോദരി അംബികയ്ക്കും സഹോദരൻ മല്ലികാർജുൻ കുഞ്ചൻ നായർക്കുമെതിരെയാണ് പരാതി .
അഞ്ച് ചെക്കുകൾ ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുത്തതായാണ് രാധ പരാതിയിൽ പറയുന്നത് . ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകൾ തന്റെ അനുവാദമില്ലാതെ എടുത്തുവെന്ന് പരാതിയിൽ ആരോപിച്ചു. 11 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ എഴുതിയിരുന്ന അഞ്ച് ചെക്കുകൾ ഉപയോഗിച്ച് ആകെ 46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
തൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി ‘എആർഎസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്കിൻ്റെ കറൻ്റ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രാധ പറഞ്ഞു. യാത്രയ്ക്കിടെ, ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾക്കായി മുറിയിൽ ഒപ്പിട്ട കുറച്ച് ബ്ലാങ്ക് ചെക്കുകൾ സൂക്ഷിച്ചിരുന്നതായി അവർ പറഞ്ഞു.
2025 ജനുവരിയിൽ, ബിസിനസിൻ്റെ പേര് ‘ആർആർ ഗാർഡൻസ്’ എന്നാക്കി മാറ്റി. പുതിയ ചെക്ക് ബുക്ക് കിട്ടിയതോടെ പഴയത് ഉപയോഗിക്കുന്നത് നിർത്തി . അതോടെ പഴയ ചെക്കിനെ കുറിച്ചും തിരക്കിയിരുന്നില്ല . സെപ്തംബർ 17 ന് ബാങ്കിൽ നിന്ന് അഞ്ച് പഴയ ചെക്കുകൾ അംബികയുടെ പേരിൽ പണമടയ്ക്കാൻ ഹാജരാക്കിയതായി മെസെജ് ലഭിച്ചപ്പോഴാണ് വിവരമറിയുന്നതെന്നും രാധ പറയുന്നു.

