കൊച്ചി: മയക്കുമരുന്ന് കേസിൽ ഒന്നാം പ്രതിയായി നടൻ ഷൈൻ ടോം ചാക്കോ . ശനിയാഴ്ച രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് താരത്തിന്റെ പേര് ഉൾപ്പെടുത്തിയത്. ഷൈനും സുഹൃത്ത് മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദും ചേർന്ന് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറിൽ പറയുന്നു. ഷൈൻ ഒന്നാം പ്രതിയും മുർഷാദ് രണ്ടാം പ്രതിയുമാണ്.തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൽ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടതായും എഫ്ഐആറിൽ ആരോപിക്കുന്നു.
നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.ഇന്ന് പുലർച്ചെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ അഭിഭാഷകർക്കൊപ്പമാണ് താരം ഹാജരായത്.ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നിലെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിന് മറുപടിയായാണ് ഷൈൻ ഹാജരായത്.

