തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ . ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ. അഞ്ച് മാസം മുൻപാണ് രേഖയെ പ്രേം കുമാർ രണ്ടാം വിവാഹം കഴിച്ചത്.
ജൂൺ ആദ്യവാരമാണ് മണിയെയും രേഖയെയും പ്രേംകുമാർ കൊലപ്പെടുത്തിയത് . കൊലപാതകങ്ങൾ നടത്തിയ ഉടൻ തന്നെ പ്രേം കുമാർ ഒളിവിൽ പോയിരുന്നു.
രേഖയുടെയും പുരുഷസുഹൃത്തുക്കളുടെയും ചിത്രങ്ങൾ കൊലപാതകത്തിന് ശേഷം വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തി. രേഖയുടെ സ്വഭാവത്തെ വിമർശിക്കുന്ന ഒരു കുറിപ്പും കണ്ടെത്തി. കുടുംബ തർക്കത്തെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പോലീസാണ് വിവരം കേരള പോലീസിനെ അറിയിച്ചത്. കൊലപാതക കേസ് അന്വേഷിക്കുന്ന ഇരിഞ്ഞാലക്കുട പോലീസ് സംഘം കേദാർനാഥിലേയ്ക്ക് പുറപ്പെട്ടു .

