തൃശൂർ: കള്ളനും കുപ്രസിദ്ധ കുറ്റവാളിയുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ഇയാൾ. വിയ്യൂർ ജയിൽ വളപ്പിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം ഇയാളെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൊലപാതകം, മോഷണം എന്നിവയുൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു . ഒരു കേസുമായി ബന്ധപ്പെട്ട് ബാലമുരുഗനെ തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു . വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് ബാലമുരുകൻ വാഹനം നിർത്തിച്ചത്. മൂന്ന് പോലീസുകാർക്കൊപ്പം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പോലീസുകാരെ ബാലമുരുകൻ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. അതേസമയം, പോലീസ് പരിശോധനയ്ക്കിടെ ബാലമുരുകനെ കണ്ടതായും റിപ്പോർട്ടുണ്ട്. പുലർച്ചെ മൂന്ന് മണിക്ക് ഒരു ഹൗസിംഗ് കോളനിയിൽ കണ്ടെങ്കിലും അവിടെ നിന്ന് വീണ്ടും കാണാതായി.
33 വർഷത്തിനിടെ അഞ്ച് കൊലപാതക കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. വേഷപ്രച്ഛന്നനായാണ് സഞ്ചാരം. തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിയാണ് ഇയാൾ. വർഷങ്ങളോളം ഗുണ്ടാസംഘത്തിനൊപ്പം ജീവിച്ചു. തമിഴ്നാട്ടിൽ പോലീസ് അന്വേഷണം ശക്തമാക്കിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്. മറയൂരിൽ ഒരു കവർച്ചയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. തനിക്കെതിരെ മൊഴി നൽകിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

